Headline

Nagaramazha | നഗരമഴ | Poem | P K Muralikrishnan | Kavalam Srikumar |

Posted on: June 17, 2021

നഗരമഴ
കവിത
പി കെ മുരളീകൃഷ്ണൻ
ആലാപനം

കാവാലം ശ്രീകുമാർ

കണ്ടവരുണ്ടോ…നഗര മഴ,
കൊണ്ടവരുണ്ടോ….നഗര മഴ…..
കാണാതറിയാതാരോവാരി-
യെറിഞ്ഞ ചരൽ; മുഖമൊന്നു ഞെളുക്കി…
മേഘം കൊണ്ടൊരു പകലിനെയൊപ്പി,
പട്ടണ നടുവിൽ “ഷോ മോബായി ”
മെയ്യു കുടഞ്ഞു നനച്ചിട്ടാകെ –
യുലച്ചൊരു പാത മുറിച്ചു കടക്കും
കലിമഴ തുള്ളും കാവായ്….
തെരുവുകൾ…

തൊഴിലും തേടിയിറങ്ങിയലഞ്ഞ്,
വഴിമരമില്ലാക്കവലയിൽ നിന്ന്…
“വടയും പാവും” പാതിപകുത്തിരു-
നേരം വയറിനു വീതു കൊടുത്ത്,
ഇരുളും മുൻപൊരു വണ്ടി പിടിച്ച്,
തള്ളലിലൊരുവിധമുള്ളിലടിഞ്ഞ്,
മേലാസകലം “ഇടി” വെട്ടേൽപ്പി –
ച്ചുടലു ചതച്ചു കശക്കിയൊതുക്കും
പുരുഷപ്പേമഴ പടരും യാത്രകൾ…

കിട്ടിയ ശമ്പള മിത്തിരിയമ്മ,
ക്കിത്തിരി വാടക വീടിന്, മെസ്സിന്….
ബാക്കി വരുന്നതു സ്വന്തം ചിലവിനു
തികയാതൊടുവിൽ ടിക്കറ്റില്ലാ-
യാത്ര മുറിച്ചൊരു “ടി സി ” പിടിച്ചു
വലിച്ചു പുറത്തിട്ടറിയാത്തേതോ
ഭാഷയിലോതിയ തെറിമഴകൊണ്ടി-
ട്ടഭിമാനം ചോർന്നാകെയൊലിച്ചു
കുതിർന്നു തളർന്നു മടങ്ങും നേരം,
ജന്മം പ്രാകി മടുത്ത ദിനങ്ങൾ …
കർമ്മം കാത്തു കൊടുത്ത നിറങ്ങൾ…

നഗരപ്പാതയ്ക്കോരം ചാരിയൊ-
രൊറ്റ മുറിക്കൂടണയും കാലം…
ഉഷ്ണക്കാറ്റിലുറക്കം കെട്ട്,
കണ്ണിരുളുണ്ടു മലർന്നു കിടക്കേ,
അയൽപക്കത്തെയൊരൂമപ്പെണ്ണിനെ
കാമഭ്രാന്തിരയാക്കും ബഹളം,
അരുതരുതെന്നു വിലക്കാനാഞ്ഞു
കുതിച്ചൊരു ചുവടിന് വഴി തടയിട്ട്,
ഒരു വാൾമുനയുടെ മിന്നലിൽ നിന്നൊഴി –
വായി,ക്കതകിനു പിറകിലൊളിക്കേ,
ഒച്ചകളില്ലാനിലവിളി പെയ്തൊരു
കുഞ്ഞിൻ ശ്വാസം മുട്ടിയ മുറികൾ,
കരിവള പൊട്ടിച്ചിതറിയ വിരികൾ…
രാവൊരു പകലിന്നടിവസ്ത്രംപോൽ…
ചോര പുരണ്ട കറുത്ത നിലങ്ങൾ…

കഷ്ടപ്പാടിൻ ജീവിത ഗതിയിൽ
കാലം തന്ന വഴിച്ചങ്ങാത്തം…
“ഞാനുണ്ടാകും കൂടെ “യെന്നുര-
ചെയ്തതു നൂറ്റൊന്നാവർത്തിച്ച്,
കാര്യം തീർന്നുടനാത്മാർത്ഥതയുടെ
സൗഹൃദ പാത്രം തല്ലിയുടച്ച്,
വഴിയിൽ കണ്ണുകൾ നട്ടു ചിരിച്ചി-
ട്ടിനിയാരിനിയാരെന്നന്വേഷി-
ച്ചലയും യക്ഷിക്കഥയിലെയിരയുടെ
വിധിപോൽ ചതിമഴ പെയ്തു കുടുക്കിയ
സന്ധ്യകളുച്ചകൾ സങ്കടരാവുകൾ..
തീരാ മുറിവുകൾ..മാറാനോവുകൾ…
കണ്ടവരുണ്ടോ…നഗര പ്പെരുമഴ…
കൊണ്ടവരുണ്ടോ…നരക മഴ…

Leave a Reply

Your email address will not be published. Required fields are marked *