Headline

Pannyan Raveendran | Political Leader who walked his talk and followed the path guided by Parents | Global TV

Posted on: December 3, 2023

അച്ഛൻ രാമൻ ചെറുപ്പത്തിലേ മരിച്ചശേഷം ദാരിദ്ര്യത്തിനും കഷ്ടപ്പാടിനും നടുവിൽ ജീവിച്ചുതീർക്കുകയായിരുന്നു ആ അമ്മയും മൂന്നു മക്കളും. എങ്കിലും, അനർഹമായതൊന്നും കൈപ്പറ്റരുതെന്ന വലിയപാഠം പന്ന്യൻ യശോദയെന്ന അമ്മ മകന് പകർന്നുനൽകി.

Forward By James Mundattu

സഖാവ് പന്ന്യന്റെ വീടേതാ?’’ കക്കാട് സ്പിന്നിങ് മില്ലിനു സമീപം റോഡരികിൽ കണ്ടയാളോട് വഴി ചോദിച്ചു. ‘‘അതാ, ആ കാണുന്ന ബോർഡ് മൂപ്പരുടെ മോന്റെ വീട്ടിലേക്കുള്ളതാ. അയിന്റടുത്ത് തന്നെയാ മൂപ്പരെ വീടും. ആ റോഡിൽ കേറി ആരോടെങ്കിലും ചോയിച്ചാ മതി’’ -‘അഡ്വ. രൂപേഷ് പന്ന്യൻ’ എന്ന് എഴുതിയ ദിശാസൂചക ഫലകം ചൂണ്ടിക്കാട്ടി മറുപടിയെത്തി.

  ആ ഇടറോഡിലെ ആളനക്കമുള്ള വീട്ടിൽ കയറി വീണ്ടും വഴിചോദിച്ചു. ‘‘ആദ്യത്തെ  വീട് രവീന്ദ്രൻ സഖാവിന്റേത്. അപ്പറത്തേത് മോ​ന്റെ.’’ അവർ കൈ ചൂണ്ടിക്കൊണ്ടു പറഞ്ഞു. ഏറെ പഴക്കം തോന്നിക്കുന്ന, ഏച്ചുകൂട്ടിയെടുത്ത പഴയ വീട്. വീട്ടുചുമർ തന്നെയാണ് റോഡിനെയും വീടിനെയും വേർതിരിക്കുന്നത്. പേരക്കുട്ടിയുടെ സൈക്കിൾ നിർത്തിയിടാനുള്ള മുറ്റംപോലുമില്ല. നാലു വർഷം തലസ്ഥാന നഗരിയുടെ എം.പിയായ, സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായ പന്ന്യൻ രവീന്ദ്രൻ എന്ന വലിയ മനുഷ്യന്റെ വീടാണിത്..!!!

 ഞങ്ങൾ അവിടെനിന്ന് പരുങ്ങുന്നതു കണ്ട് വാതിൽ തുറന്ന് റോഡിലേക്ക് തലയിട്ട് വീട്ടുകാരി ചോദിച്ചു, ‘‘ആരാ?...’’ സഖാവ് പന്ന്യനെ കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ, വരൂ എന്നുപറഞ്ഞ് അവർ അകത്തേക്കു കയറി.പിന്നാലെ കൈലിമുണ്ടും കൈയില്ലാ ബനിയനും ഇട്ട്, ചിരിച്ചു​കൊണ്ട് പന്ന്യൻ പുറത്തുവന്ന് ഞങ്ങളെ സ്വീകരിച്ചു.

  രണ്ടു മണിക്കൂർ നീണ്ടു പന്ന്യനുമായി കൂടിക്കാഴ്ച. അദ്ദേഹം പറഞ്ഞതിൽ ഏറെയും അമ്മയെക്കുറിച്ചായിരുന്നു, എത്ര പറഞ്ഞിട്ടും മതിവരാത്തതുപോലെ. ഓലമേഞ്ഞ, ചോർന്നൊലിക്കുന്ന മൺവീട്ടിൽ കുഞ്ഞുരവീ​ന്ദ്രനെ ആ അമ്മ ചേർത്തുപിടിക്കുന്നത് ആ പന്ന്യന്റെ വാക്കുകളിലൂടെ കണ്ടു.

 അച്ഛൻ രാമൻ ചെറുപ്പത്തിലേ മരിച്ചശേഷം ദാരിദ്ര്യത്തിനും കഷ്ടപ്പാടിനും നടുവിൽ ജീവിച്ചുതീർക്കുകയായിരുന്നു ആ അമ്മയും മൂന്നു മക്കളും. എങ്കിലും, അനർഹമായതൊന്നും കൈപ്പറ്റരുതെന്ന വലിയപാഠം പന്ന്യൻ യശോദയെന്ന അമ്മ മകന് പകർന്നുനൽകി. അതിന്റെ ഉദാഹരണമാണ്​ കൊടുംപട്ടിണിയിൽ പോലും സന്തോഷസൂചകമായി ലഭിച്ച 5000 രൂപ സ്വീകരിക്കാൻ അനുവദിക്കാതെ തിരിച്ചേൽപിച്ച സംഭവം.

  പന്ന്യന്റെ വാക്കുകളിലേക്ക്: ‘വിവിധ ​തൊഴിലാളി യൂണിയനുകളുടെ സെക്രട്ടറി ചുമതല എന്നെ പാർട്ടി ഏൽപിച്ചിരുന്നു. ഒരിക്കൽ ഫിഷറീസ് ഡിപ്പാർട്മെന്റ് ജീവനക്കാരുടെ യൂണിയൻ സെക്രട്ടറിയായിരിക്കെ, അവർക്ക് ​വാർഷിക ബോണസ് കിട്ടി. എന്റെ നേതൃത്വത്തിൽ  തൊഴിലാളികൾ നന്നായി വിലപേശിയതിനാൽ ഏറ്റവും ഉയർന്ന ബോണസായിരുന്നു അക്കൊല്ലം ലഭിച്ചത്.

   ഇതിന്റെ സന്തോഷസൂചകമായി അവർ ചെറിയ തുക പിരിവിട്ട് 5000 രൂപയും കുറച്ച് സാധനങ്ങളുമായി വീട്ടിൽ വന്നു. അന്നു രാത്രി അമ്മ എന്നെ അടുത്ത് വിളിച്ചു ചേർത്തുനിർത്തി പറഞ്ഞു: ‘‘ആ പൈസ നമുക്ക് വേണ്ട. അർഹതപ്പെട്ടതല്ല. അത് തൊഴിലാളികളുടെ വിയർപ്പാണ്. തിരിച്ചുകൊടുത്തേക്കണം. അനർഹമായതൊന്നും നമുക്ക് വേണ്ട."

  ആ തുക തൊഴിലാളികൾക്ക് തിരിച്ചുനൽകി. പിന്നീട് ഇന്നുവരെ ഞാൻ എനിക്ക് അർഹതപ്പെട്ടതല്ലാത്ത ഒരു തുകയും ആരിൽനിന്നും കൈപ്പറ്റിയിട്ടില്ല. ഗൾഫ് സന്ദർശനവേളകളിൽപോലും ലഭിക്കുന്ന ഗിഫ്റ്റുകൾ ഞാൻ സ്വീകരിക്കാറില്ല. അത് എന്റെ നിലപാടാണ്. എന്റെ പൊതുപ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്ന നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

 

 

Global Indian Families
Collaborations
LIKE US ON FACEBOOK