എൺപത്തിനാലാം ജന്മദിനത്തിൻ്റെ മധുരം നിറഞ്ഞ ആശംസകൾ
ഡി.പി. ജോസ് | സീനിയർ റസിഡൻറ് എഡിറ്റർ | +91 755 808 5501

കേരളത്തിൻ്റെ വികസനം എങ്ങിനെയായിരിക്കണമെന്ന സ്വപ്നം പ്രാവർത്തികമാക്കാൻ അര നൂറ്റാണ്ടായി പ്രവർത്തിച്ചു. അദ്ദേഹത്തിന് പറ്റിയ അണികളോ മുന്നണിയോ ഇനിയും കേരളം കണ്ടില്ല. രാഷ്രീയകക്ഷികൾ രാഷ്ട്രീയം മാത്രം പറഞ്ഞ് ജാഥകൾ നടത്തുമ്പോൾ സമഗ്ര വികസനം എന്ന ആശയം അവതരിപ്പിച്ച് രാഷ്ട്രീയ കക്ഷികളെയും, മറ്റ് വികസന വായാടികളെയും അമ്പരപ്പിച്ചു. കേരളത്തിൽ വരാനിരിക്കുന്ന ഊർജ്ജപ്രതിസന്ധി മുന്നിൽ കണ്ട്, മാലിന്യം നിറഞ്ഞ കേരളത്തെ മാലിന്യ മുക്തമാക്കാൻ മാലിന്യമില്ലാത്ത മലയാള നാടിന് വേണ്ടി, ‘വിഷമില്ലാത്ത ഭക്ഷണത്തിനായി ജൈവകൃഷി പ്രോൽസാഹനം, കാർഷിക സെമിനാറുകൾ, ‘കേരളത്തിൻ്റെ വികസനം ത്വരിതപ്പെടുത്താൻ ബോംബെ, കന്യാകുമാരി അതിവേഗ റെയിൽ, ഈ ആശയങ്ങൾക്കു വേണ്ടി മാറ്റിവച്ചത് സ്വന്തം ജീവിതവും അദ്ധ്വാനവും.
കെ റെയിലും, സ്മാർട്ട് ഫോണും ഒക്കെ പറഞ്ഞ് വീമ്പിളിക്കുന്നവർ ഈ മനുഷ്യനെ പഠിക്കാനും, മനസിലാക്കാനും കുറച്ച് സമയം മാറ്റി വക്കുന്നത്, കേരള വികസനത്തിന് മുതൽകൂട്ടാകും. അദ്ദേഹവുമായി എനിക്കുള്ള ബന്ധം 45 വർഷമായി. ഒരു മുന്നണിയിലും ഇല്ലാതെ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട് തിരക്കില്ലാതെ വീട്ടിൽ ഇരുന്ന കാലത്ത് ബന്ധം കൂടുതൽ അടുത്തു. മന്ത്രിയായും നേതാവായും ഒക്കെ കണ്ണൂർ, കാസർഗോഡ് ജില്ലയിൽ വന്നാൽ വാഹനത്തിൽ ചോദിക്കാതെ കയറാവുന്ന ഒരു വ്യക്തിയായി ഞാൻ മാറി. കാസർഗോഡ് CPCRI ൽ പോകുമ്പോഴേല്ലാം ഞാനും കൂടെ കൂടി. ദീപികയിലെ ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് വലിയ അംഗീകാരം ആയിരുന്നു പി.ജെ. ജോസഫ് സാറിനോടൊപ്പമുള്ള യാത്രകൾ.

പുറപ്പുഴയിലെ വീട്ടിൽ പോയാലും ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനും തൊഴുത്തും കൃഷിയും കാണാനും ഞാനും ഒപ്പം കൂടി. വിദ്യാദ്യാസ മന്ത്രി ആയിരിക്കുമ്പോൾ നീലേശ്വരത്തിനടുത്തുള്ള ഒരു എൽ.പി. സ്‌കൂളിൽ പോയി DPEP പദ്ധതി പ്രകാരം സിലബസിൽ വരുത്തിയ മാറ്റത്തിനനുസരിച്ച് ഒരു പാട്ട് പാടി കുട്ടികളയും അധ്യാപകരേയും അമ്പരിപ്പിച്ച വാർത്ത എല്ലാ എഡിഷനിലും റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞത് വലിയ അനുഭവമായി.
കേരളത്തിലെ പൊതുമരാമത്ത് തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയായ ശേഷം കാസർഗോഡേക്ക് മലബാർ എക്സ്പ്രസിൽ വരുമ്പോൾ ഞാനും കണ്ണൂരിൽ നിന്ന് ഒപ്പം കൂടി. കാസർഗോഡ് ഇറങ്ങി ‘മന്ത്രിയെ സ്വീകരിക്കാൻ സ്റ്റേഷനിൽ ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഒരു പട തന്നെയായിരുന്നു.
കാഞ്ഞങ്ങാട് ദീപിക ഓഫീസിലായിരുന്ന എന്നെ തേടി പിറ്റേ ദിവസം മുതൽ ശുപാർശക്കാരുടെ തിരക്കായിരുന്നു. പല ശുപാർശയും കേട്ടിരുന്നതല്ലാതെ ഒന്നും മന്ത്രിയുടെ അടുത്ത് പറയുകയോ കൊടുക്കുകയോ ചെയ്തിട്ടില്ല. എന്നോടുള്ള വിശ്വാസം കൂടി യതുകൊണ്ടോ മറ്റോ ആകാം പ്ലസ് ടു കൊടുക്കുന്ന കാലത്ത് എനിക്ക് ഒരു സ്കൂളും പറയാനില്ലേ എന്നുവരെ ചോദിച്ചിട്ടും എനിക്ക് ഒന്നും പറയാനില്ലായിരുന്നു.
മലയോര ഹൈവേ എന്ന സ്വപ്നം യാഥാർത്ഥ്യമാവില്ലെന്ന് ഉറപ്പായപ്പോൾ മലയോര ഹൈവേയുടെ ശില്പിയായ മോസഫ് കനകമൊട്ട ഒരു കെട്ട് നിവേദനവുമായി തിരുവനന്തപുരത്ത് വന്നപ്പോൾ നിയമസഭ നടക്കുന്ന ദിവസമായിരുന്നെങ്കിലും രാവിലെ 7 മണിക്ക് വീട്ടിൽ വച്ച് കണ്ട് കാര്യങ്ങൾ നിയമസഭയിൽ അവതരിപ്പിച്ച് മലയോര ഹൈവേ എന്ന സ്വപ്നം യാഥാർത്യമാക്കിയത് മലയോര ജനതക്ക് ഒരിക്കലും മറക്കാനാവില്ല. മലയോര ഹൈവേയിലൂടെ ഒന്ന് സഞ്ചരിച്ചാൽ ഇത് കേരളം തന്നെയാണോയെന്ന് ആരും സംശയിച്ചു പോകും.
അവസാനം മകൻ മരിച്ചപ്പോഴും ഭാര്യ ഡോ ശാന്ത ചേച്ചി മരിച്ചപ്പോഴും വീട്ടിലെത്തിയ എന്നെ തിരക്കിനിടയിൽ പിടിച്ച് അടുത്തിരുത്താനും മറന്നില്ല. ഹൃദയ ഭേദകമായിരുന്നു അന്നത്തെ കൂടികാഴ്ച.

ഒരു കാര്യം കൂടി. 1991ൽ എൻ്റെ വിവാഹം കണ്ണൂർ ജില്ലയിലെ പുലിക്കുരുമ്പ എന്ന കൊച്ചു ഗ്രാമത്തിൽ. അവിടെ വലിയ മലമുകളിൽ ആരും കയറി വരാൻ മടിക്കുന്ന ഒരു കൊച്ചു വീട്ടിലായിരുന്നു താമസം. വിവാഹത്തിൻ്റെ തലേ ദിവസം പ്രിയപ്പെട്ട സാർ അഡ്വ. എ. ജെ ജോസഫിനേയും കൂട്ടി മല കയറി എൻ്റെ വീട്ടിലേക്ക് അന്തം വിട്ടുപോയി. കാര്യമായ ഒരുക്കമോ ഒന്നും കൂടാതെ അവിടെ നിന്നും പ്രഭാത ഭക്ഷണം കഴിച്ചു. ആ സ്നേഹം ഞാൻ ഒരിക്കലും മറക്കില്ല. ലളിത ജീവിതവും വലിയ വികസന ആശയങ്ങളുമുള്ള ജോസഫ് സാർ അങ്ങിനെ എൻ്റെ ജീവിതത്തിൻ്റെ ഭാഗമായി.
അദ്ദേഹത്തെ അനുകൂലിക്കുന്ന ഒരു പാട് കാര്യങ്ങളിൽ ദീപിക പ്രവർത്തകൻ എന്ന നിലയിൽ ഇടപെട്ടപ്പോഴും ദീപികയിൽ നിന്ന് തന്നെ എതിർപ്പുകൾ ധാരാളം. അതൊന്നും അന്നും ഇന്നും എനിക്ക് പ്രശ്നമായി കണ്ടില്ല. ഞാൻ സത്യത്തിൻ്റെയും നാടിൻ്റെ വികസനത്തിൻ്റെയും പാതയിൽ മാത്രമാണ് ഇതെല്ലാം ചെയ്തത്. ദീപികയുടേയും ലഷ്യം ഇതൊക്കെ തന്നെ ആയിരുന്നല്ലോ?
ഒരു പുസ്തകം എഴുതേണ്ട ഒത്തിരി അനുഭവങ്ങൾ എൻ്റെ മനസിൽ നിൽക്കുമ്പോഴും ഞാൻ തൽക്കാലം പിൻവാങ്ങുന്നു. ജന്മദിനാശംസകൾ നേരുന്നു. അനുസ്മരിച്ച ഡോ. സെബിനും അഭിനന്ദനങ്ങൾ.