മറയുമ്പോൾ | SPB യെക്കുറിച്ച്‌ | അത്തിപ്പറ്റ രവി | കാവാലം

Posted on: May 7, 2021

മറയുമ്പോൾ… അത്തിപ്പറ്റ രവി*

ഒരു ‘പൂങ്കുയി’ലെന്നപോൽ മുദാ
മരുവീ ‘ത്ര്യക്ഷര’നാമധാരിയായ്,
അരുളീ സ്വരമേഴുതിർത്തിടു-
ന്നൊരു സംഗീതസുധാബ്ധി മേൽക്കുമേൽ.

വിരവോടൊരു കോകിലത്തിനാ
സ്വരശാസ്ത്രങ്ങളറിഞ്ഞിടാതെയും,
നിരവദ്യവിലോലകൂജന-
ത്തിരതീർക്കാൻ മികവുണ്ടു നിസ്തുലം.

ഇള ‘ശങ്കരശാസ്ത്രി’യാൽ പുരാ
പുളകംകൊണ്ട വിശുദ്ധനാദമേ,
കളഗാനമരന്ദമേകുവോ-
രളവെന്തേ ക്ഷണമങ്ങു നിർത്തുവാൻ?!

അരവിന്ദഭവപ്രിയാകൃപാ-
കരനാം ‘നാദശരീര!’ താങ്കളെ,
സുരലോകസദസ്സിൽ വാഴ്ത്തുവാൻ
ദുരപൂണ്ടാ വിധി കൊണ്ടുപോയിതോ!

*‘ഉരുനിദ്ര’യിലാണ്ടുണർന്നിടാ-
തിരുളിൽ കർമ്മവിയോഗി! നീരവം,
ഒരു കോടി പുതച്ച നിന്നെയോർ-
ത്തരുളുന്നേൻ മിഴിനീരൊടഞ്ജലി.

(*‘ഉരുനിദ്ര’യിലാണ്ട് – കൊല്ലം 2020 എന്നും)

  അത്തിപ്പറ്റ രവി

Leave a Reply

Your email address will not be published. Required fields are marked *

 

 

Global Indian Families
Collaborations
LIKE US ON FACEBOOK