Headline

ഉമാ കുമാരൻ്റെ ഉത്സവ ദിനമായിരുന്നു അന്ന്… അതെ വിനായക ചതുർഥി …

Posted on: September 11, 2021

ഉഡുപ്പി മണ്ണിലെ ചതുർഥിപ്പാട്ട്..!

ഡോ.സഞ്ജീവൻ അഴീക്കോട്

അച്ഛൻ
ഞങ്ങൾക്ക് മണ്ണുകൊണ്ടൊരു പ്രതിമയുണ്ടാക്കി തന്നു –
ആ പ്രതിമയുടെ മുഖം എങ്ങിനെയായിരുന്നുവെന്നോ ”?
ആനയുടെതുമ്പിക്കൈ പോലെ…!

എലിയുടെ മുകളിലിരിക്കുന്ന ആ രൂപം കണ്ട് ഞങ്ങൾ
ചോദിച്ചു

ഇതാര് ..?

ഈശ്വരപുത്രൻ –

അച്ഛൻ പറഞ്ഞു ..

ഉമാ കുമാരൻ്റെ ഉത്സവ ദിനമായിരുന്നു അന്ന്… അതെ
വിനായക ചതുർഥി …

മണ്ണു കൊണ്ട് ഉണ്ണി ഗണേശൻ്റെ കൊച്ചു പ്രതിമകളുണ്ടാക്കും. അതിനെചതുർഥി പ്രതിമയെന്നു പറയും.

ടീച്ചർ തൻ്റെ അനുഭവ കഥ കുട്ടികൾക്കു മുമ്പിൽ വിവരിച്ചുതുടങ്ങി ..

ഭാവാഭിനയത്തോടെ
പാട്ടു പാടിക്കൊണ്ടാണ് ആ കഥ പറച്ചിൽ..

ഗണേശ ചതുർഥി വിശേഷോത്സവ
പാരമ്പര്യ നിറച്ചാർത്തിൽ
ഭോജനപ്രിയനായ ഉണ്ണി ഗണേശൻ്റെ ഇഷ്ടവിഭവങ്ങൾ നിരത്തിയ ചതുർഥി സദ്യയിലേക്കായി പിന്നെ ടീച്ചർ നീങ്ങിയത്

തൂശനിലയിൽ
ആവി പറക്കുന്ന ചോറും കറിയും അഞ്ചു തരം മധുര വിഭവങ്ങളും പായസവും…
ഒടുവിൽ ഇലയിൽ ഒഴുകുന്ന പായസം കൈകൊണ്ട് കോരി കുടിക്കുന്ന രംഗം കൂടി വിവരിച്ചപ്പോൾ കുട്ടികളൊന്നടങ്കം ടീച്ചർക്കൊപ്പമായി..
ഊണു കഴിഞ്ഞ ശേഷം മൂന്നും കൂട്ടിയ മുറുക്കും .. വെറ്റിലടയ്ക്ക ചവച്ചു കൊണ്ട് സദ്യ കഴിച്ചവർ പറയുകയാണ് ആഹാ.. എന്തു രസമീ സദ്യ…

അച്ഛൻ ഉണ്ടാക്കി തന്ന ചതുർഥി പ്രതിമയെ സാക്ഷിയാക്കി ഗണേശോത്സവസദ്യയുടെ രുചിക്കൂട്ടിലൂടെ സ്വരാക്ഷരങ്ങളുടെ അക്ഷര ചിത്രം കുരുന്നു മനസ്സിലേക്ക് ഭാവാഭിനയത്തോടെ സന്നിവേശിപ്പിക്കുകയായിരുന്നു ടീച്ചർ …

ഇവിടെ സ്വരാക്ഷരങ്ങൾ പഠിപ്പിക്കുവാൻ ടീച്ചർ കണ്ടെത്തിയ മാർഗം
പാരമ്പര്യ സംസ്കൃതിയാണ്.

മണ്ണ് കൊണ്ട് കൊച്ചുഗണേശ പ്രതിമയുണ്ടാക്കി പൂജിക്കുന്ന ഒരു സമ്പ്രദായത്തെ കൂട്ടുപിടിച്ചാണ് അക്ഷര ചിത്രം പരിചയപ്പെടുത്തുന്നത്.

ഉഡുപ്പിയിൽ – പഴയ തുളുനാട്ടിൽ – ഗണേശ ചതുർഥി യിൽ മിക്ക വീടുകളിലും മൺ പ്രതിമകൾ ഉണ്ടാക്കിയിരുന്നുവത്രെ.’
നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന
ഈ ആചാരം പിന്നീടാണ്
ഇന്നു കാണുന്ന രീതിയിൽ വലിയ ഗണേശ വിഗ്രഹങ്ങൾ ഉണ്ടാക്കുന്നതലത്തിലേക്ക് വികസിച്ചതത്രെ.
മൺപ്രതിമകളുണ്ടാക്കുക കുട്ടികൾക്ക് ഇഷ്ടപ്പെട്ട കാര്യവുമാണ്. ഒപ്പം ചതുർഥി സദ്യയും.. പാരമ്പര്യ സംസ്കൃതിയിലൂടെ കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിക്കാൻ ഗണേശ ചതുർഥി ആചാരം തെരഞ്ഞെടുത്തത് ശ്രദ്ധാർഹമാണ്.
ഓരോ വരിയിലെയും ആദ്യാക്ഷരത്തിലൂടെ
സ്വര ചിത്രം പഠിപ്പിക്കുക.
ഒടുവിൽ
സ്വരാക്ഷരങ്ങൾ ഒന്നിച്ചു കേൾപ്പിക്കുമ്പോൾ പഠനം പൂർണമായി.
ഗുരുനാഥയുടെ മുഖപ്രസാദവും ചലനങ്ങളും ഒക്കെ
അക്ഷരദേവതയുടെ കടാക്ഷമായി ഇവിടെ മാറുന്നു..
വിഘ്നം വരുത്താതിരിക്കാൻ ഗണപതിയുടെ ബീജാക്ഷര മന്ത്രവും പരിചയപ്പെടുത്തുന്നുണ്ട്.

സ്വരാക്ഷരത്തോടൊപ്പം
സംസ്കാരപഠനവും..

മധുരപലഹാരങ്ങളും പായസവും ചേർന്ന സദ്യ ഏകാഗ്രതയോടെ കഴിക്കുന്നതും പിന്നീട് വെറ്റില അടയ്ക്ക ചവച്ചു കൊണ്ടുള്ള മുറുക്കലും ഒക്കെ ചിത്രീകരിക്കുന്ന താളാത്മകമായ പാട്ട്.
ബ്രാഹ്മണർക്കിടയിൽ മാത്രമല്ല
തുളുനാട്ടിനെ സംബന്ധിച്ചിടത്തോളം ഗണേശ ചതുർഥി ഒരു കാർഷിക ഉത്സവം കൂടിയാണ്.
ഏതു കാര്യം തുടങ്ങുമ്പോഴും
പാരമ്പര്യ വിധി പ്രകാരം ഗണപതി പൂജ നടത്തുന്ന സമ്പ്രദായവുമുണ്ടല്ലോ…

നിറവിളക്കിനും നിറകിണ്ടിക്കും മുന്നിൽ
തൂശനിലയിൽ [കൊടിയില ] ഉണക്കലരിയും തേങ്ങയും വെറ്റില അടയ്ക്കയും ശർക്കരയും പഴവും ഒക്കെ ചേർത്തു വയ്ക്കും.ഇതിന് ഗണപതിക്കു വയ്ക്കുക എന്നു പറയും. ഇവിടെ ഗണപതിയുടെ വിഗ്രഹമല്ല നിരാകാര രൂപമാണ് കൊടിയിലയിൽ സാക്ഷാത്കരിക്കുന്നത് ..

വിജയദശമി പൂജയിൽ എഴുത്തിനിരുത്തുന്നതിനു മുന്നോടിയായി ഗണപതിക്കു വയ്ക്കുന്നതും ഓർക്കാം

ഭക്ത മനസ്സിലെസങ്കല്പ രൂപത്തെ വിഗ്രഹമാക്കി പൂജിക്കുകയാണ് ഗണേശോത്സവത്തിൽ നടക്കുന്നത്.കൊച്ചു പ്രതിമ മുതൽ വലിയ വിഗ്രഹങ്ങൾ വരെ ഉണ്ടാക്കുന്ന സമ്പ്രദായം ഗണേശ ചതുർഥി ആഘോഷത്തിൽ പിന്നീട് ഉണ്ടായി.

കുരുന്നുകളെ സംബന്ധിച്ചിടത്തോളം അവർ പിറന്നു വീണതു മുതൽ വീട്ടിൽ കാണുന്ന ആചാരം. അവർക്ക് ചിരപരിചിതമായ ഈ ആചാരത്തിലൂടെ അക്ഷരവിദ്യ പഠിപ്പിക്കുക എന്നതാണ് ടീച്ചറുടെ ലക്ഷ്യം.
ഇത് ഒരു
സംഘവഴക്ക രീതിയാണ് അഥവാ ഫോക് ലോറാണ്.
കൂട്ടായ്മയുടെ ആചാരത്തെ ബന്ധപ്പെടുത്തി
അധ്യാപന രീതി വികസിപ്പിക്കുന്ന സമ്പ്രദായം ‘
ഫോക് ലോർ / സംഘവഴക്കം അധ്യാപനത്തിന് ഏതൊക്കെ വിധത്തിൽ സഹായിക്കുമെന്നതിന് ഉദാഹരണമായുമെടുക്കാം’

പാരമ്പര്യ സംസ്കൃതിയിലൂടെ മണ്ണിനെയും പ്രകൃതിയേയും അക്ഷരങ്ങളേയും പാട്ടിലൂടെ കുരുന്നു മനസ്സിൽ പരിചയപ്പെടുത്തുന്ന മാതൃകാപരമായ ശൈലി..
തുളുനാട് മാത്രമല്ല കന്നഡം മുഴുവൻ അത് ഏറ്റുപിടിച്ചു. സോഷ്യൽ മീഡിയയിലൂടെ തരംഗമായി..
അക്ഷരപOനത്തോടൊപ്പം
നാട്ടു സംസ്കാരത്തിൻ്റെ മൂലാധാരത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിയ ടീച്ചർ ഇപ്പോൾ കന്നഡത്തിലെ ആരാധ്യ ഗുരുനാഥയായി മാറിക്കഴിഞ്ഞു.

ആ ടീച്ചർ ആരെന്നല്ലേ?

ഇക്കഴിഞ്ഞ ഗണേശ ചതുർഥി ദിനത്തിൽ
ഉഡുപ്പിയിലെ
കൊഡാവൂർ
നൃത്യനികേതൻ അധ്യാപികയും പ്രശസ്ത കന്നട കലാകാരിയും നടിയുമായ മാനസി സുധീരാണ് സ്വരാക്ഷരക്കൂട്ട് പഠിപ്പിക്കുന്ന പാട്ടുമായിയെത്തിയത് ..

മണിക്കൂറുകൾക്കകം കർണാടകമെങ്ങും അത് സോഷ്യൽ മീഡിയ വഴി വൈറലായി.ഗണേശ ചതുർഥി യിൽ അക്ഷരക്കൂട്ടു ചൊല്ലിയെത്തിയ
മാനസി സുധീർ കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും ആരാധ്യ പാത്രമായി ..
തുളുനാട്ടിലും കന്നടയിലും ചിരപരിചിതയായ ആർട്ടിസ്റ്റ് പക്ഷേ, ഇപ്പോൾ
അധ്യാപികയായാണ് ജനമനസ്സിൽ ചിരപ്രതിഷ്ഠിതയായിരിക്കുന്നത്.
അധ്യാപക ദിനത്തിൽ മാനസി സുധീറിന് ആശംസകൾ നേർന്ന് അവരുടെ ചതുർഥി പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തതും എടുത്തു പറയേണ്ട കാര്യമാണ്.

തെലുങ്കിലും കന്നട ത്തിലുമായിനിരവധി സിനിമകളിൽ നേരത്തെ അഭിനയിച്ചിട്ടുണ്ട്.കൂടാതെ ടെലിവിഷൻ പരമ്പരകളിലും. കുട്ടികളുടെ സിനിമകളും അവർ ചെയ്തിട്ടുണ്ട്. എന്നാൽ ജനമനസ്സിൽ സ്ഥാനം പിടിച്ചത് ഇപ്പോൾ ഈ സ്വരാക്ഷര ചതുർഥിപാട്ടിലൂടെയാണ്. ഭർത്താവ് ഉഡുപ്പി സുധീർ റാവു ഭരതനാട്യകലാകാരനാണ്. യക്ഷഗാനത്തിലും മികവ് തെളിയിച്ചിട്ടുണ്ട്.
മാനസി സുധീറിൻ്റെ വീഡിയോ അധ്യാപക ദിനത്തിൽ
ഇവിടെ
FB യിലൂടെ പരിചയപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം എംജി കോളജിൽ നിന്ന് ഡോ.അജിത് ജി കൃഷ്ണ
ആവീഡിയോവിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് വിസ്തരിച്ച്
വീണ്ടും ഒരു പോസ്റ്റ്
ഇടാൻ പ്രേരിപ്പിച്ചത്.

മണ്ണിനെയും പ്രകൃതിയേയും ആധാരമാക്കി
പാരമ്പര്യ ജീവിത സംസ്കൃതിയിലൂന്നി കുരുന്നുകൾക്ക് ആധുനിക
വിദ്യാഭ്യാസം എങ്ങിനെ പകരാമെന്നതിൻ്റെ
ഉത്തമ ദൃഷ്ടാന്തമാണ്
മാനസി സുധീർ എന്ന കലാധ്യാപികയുടെ ഈ വീഡിയോ …

ചതുർഥിപ്പാട്ട് [കന്നഡ ]

അപ്പനു മാഡിദ ചൗത്തീയ പ്രതിമിഗെ
ആനെയ സോണ്ടില മൊഗവിതു
ഇലിയണു യേരിദ യാരിദു എന്തെനു
ഈശ്വരസുതനെന്തനുഅപ്പാ

ഉമാകുമാരന ചെലു ഹമ്പദ ദിന
ഊട്ടകെ ബന്ധരു അതിഥി ഗളു
എലയെനെസി അന്നവ ബഡിസലു
ഏകാഗ്രതൈയിലി ജനം ഉണലൂ

ഐദു ഭെഗയ സിഹിഭക്ഷ്യ ഗളിദ്ദവു
ഒഗ്ഗരണെയ ഹുളി മൊസരിതു
ഓടുവതിളി പായസവനുമെല്ലുത..

ഔതണ ദൂടവ
ഹൊഗളി ദരു
അംദദ ഊടദ നന്തര
അഡികെയ
അ: ! എന്തരു ജനസവിയുതലി

അ .. ആ… ഇ .. ഈ
ഉ ഊ:… എ,ഏ, ഐ, ഒ, ഓ, ഔ, അം, അ:

ഗം ഗണപതയേ നമ:

സാരം – മലയാളം

അച്ഛൻ ഞങ്ങൾക്ക്
മണ്ണു കൊണ്ട് ഒരു പ്രതിമ ഉണ്ടാക്കി തന്നു –
ചതുർഥി പ്രതിമ –
ആ പ്രതിമയുടെ മുഖം
ആനയുടെ തുമ്പിക്കൈ രൂപത്തിലായിരുന്നു.
എലിയുടെ മുകളിലിരിക്കുന്ന രൂപം കണ്ടപ്പോൾ
ഇതാരെന്നു ചോദിച്ചു.
ഈശ്വരസുതനെന്ന് അച്ഛൻ പറഞ്ഞു.
ഉമാ കുമാരൻ്റെ ഉത്സവ ദിനമാണന്ന്.
[വിനായക ചതുർഥി – ഗണേശോത്സവം]
ഊണുകഴിക്കാൻ വന്ന അതിഥികൾക്ക് വാഴയിലയിട്ട് അന്നം വിളമ്പി
ഏകാഗ്രതയോടെ ജനം വിനായക ചതുർഥി സദ്യ കഴിച്ചു.
അഞ്ചു വിധത്തിലുള്ള മധുര വിഭവങ്ങൾ ഉള്ളസദ്യ…
ഒപ്പം
തൈരു കൊണ്ടുണ്ടാക്കിയ വറുത്തിട്ട കറിയും.
ഇലയിൽ ഒഴുകുന്ന പായസവും

എല്ലാവരും പുകഴ്ത്തിയ
വിഭവ സമൃദ്ധസദ്യ’
ഊണിനു ശേഷം അടയ്ക്കയും വെറ്റിലയും ചവച്ചു രസിച്ച ജനം പറയുകയാണ്
ആഹാ.. എന്തു രസമീ ചതുർഥിസദ്യ
ഈ പാട്ടിലെ ഓരോ വരികളിലെയും ആദ്യക്ഷരത്തിലൂടെ സ്വരാക്ഷരങ്ങൾ പരിചയപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.

ഇനി താഴെക്കൊടുത്ത മാനസി സുധീറിൻ്റെ വീഡിയോവിലൂടെ കന്നടയുടെ തനതു ശൈലിയിൽ ആ ചതുർഥി സ്വരാക്ഷര
പാട്ട് ആസ്വദിക്കാം.

ഗം ഗണപതയേ നമ:

ഡോ.സഞ്ജീവൻ അഴീക്കോട്
25.09.2020

Leave a Reply

Your email address will not be published. Required fields are marked *