അച്ചാ , നമ്മൾ ആദ്യം കണ്ടത് കുന്നോത്ത് നടന്ന ദൈവവിളി ക്യാമ്പിലാണ്. വീട്ടിൽ വന്നപ്പോഴും മിണ്ടിയപ്പോഴും ആ വീട്ടുപേരിനോട് വളരെകൗതുകം തോന്നിയിരുന്നു.

2000 ജൂൺ 15 വ്യാഴാഴ്ച്ചയാണ് സെമിനാരിയിൽ ചേർന്നത്.അന്ന് സംസാരിച്ചതും ഭക്ഷണം വിളമ്പിതന്നതും സെൻ്റ് സെബാസ്റ്റ്യൻ എന്ന ജീപ്പിൽ എടൂരേക്ക് തിരികെ പോകുന്ന
എൻ്റെയും പൊന്നമ്പേലച്ചൻ്റെയും മാതാപിതാക്കളെ ആശ്വസിപ്പിച്ച്
യാത്രയാക്കിയതും എല്ലാം എനിക്ക് നല്ല ഓർമ്മയുണ്ട്.അന്നത്തെ പത്താംതരക്കാരൻ്റെ കൗതുകങ്ങളെ,ചോദ്യങ്ങളെ, തർക്കങ്ങളെ,ആകുലതകളെ എത്ര സ്നേഹത്തോടെയാണ് അങ്ങ് പൗരോഹിത്യ സ്വപ്നത്തിലേക്ക് ആഴപ്പെടുത്തിയത്.
അച്ചനോർമ്മയുണ്ടോ മൈനർ സെമിനാരിയിൽ
വന്നതിൻ്റെ തൊട്ടടുത്ത നാളിൽ സീനിയേഴ്സിൻ്റെ നാടകത്തിന് പ്രോപ്പർട്ടീസ് ഉണ്ടാക്കാൻ ഏൽപ്പിച്ചത്.മേജർ സെമിനാരിയിലെ നാടകത്തിൻ്റെ ആൽബങ്ങൾ കാണിച്ച് കർട്ടൻ വരക്കാൻ പ്രോൽസാഹിപ്പിച്ചത്. അഭിനയവേദിയിലും രംഗവേദിയൊരുക്കുന്നതിലും അങ്ങ്
സ്നേഹമോടെ പകർന്ന അറിവനുഭവങ്ങളാണ്
ചിലപ്പോഴെങ്കിലും കാർക്കശ്യത്തോടെ ഞാനിന്ന് വിളമ്പുന്നത്.
വീടിൻ്റെ നിലവിളികളെ, രോഗപീഡകളെ അച്ചൻ ആശീർവദിച്ചത്. ഓരോ കണ്ടുമുട്ടലിലും വീടും വീട്ടുകാര്യങ്ങളും അന്വേഷിച്ചറിഞ്ഞതും മറക്കാനാവില്ല.എൻ്റെ വാക്കും വരയും വായനയും എല്ലാം അങ്ങ് ശ്രദ്ധിച്ചിരുന്നു.അങ്ങയുടെ പ്രോൽസാഹനങ്ങൾ നിരന്തരമെന്നെ പിന്തുടർന്നിരുന്നു.
അങ്ങ് പഠിപ്പിച്ച വിഷയങ്ങൾ,
അങ്ങയെ നയിച്ച നിലപാടുകൾ
അവയെല്ലാം മനസ്സിലുണ്ട്.
എനിക്കെന്തോ വലിയ ഇഷ്ടമായിരുന്നു, ആദരവായിരുന്നു. പറയുന്നതെല്ലാം ജീവിച്ച് കാണിച്ച് അങ്ങ് ഞങ്ങൾക്കൊരു വണ്ടറായിരുന്നു.അങ്ങയുടെ വാക്കിൻ്റെ മൂർച്ചയും കണിശതയുള്ള നിലപാടുകളും അപാരമായ ഹ്യൂമർ സെൻസും ആത്മാർത്ഥമായ അധ്വാനവും അതിലേറെ ദിവ്യകാരുണ്യ ഭക്തിയും പ്രതീക്ഷാനിർഭരമായ സംസാരങ്ങളും ഒരുപാടിഷ്ടമായിരുന്നു.
പരിശീലനത്തിൻ്റെ പല സമയത്തും അത്താണിയായിരുന്നു.മുന്നോട്ടുള്ള ചുവടുകൾക്ക് ഉത്തരവും.ചമ്മലില്ലാതെ മനസ്സ്തുറന്ന് വെക്കാൻ പറ്റിയൊരിടം…
എല്ലാം പറഞ്ഞിറങ്ങുമ്പോൾ കരുത്തുള്ള ഒരു ഹസ്തദാനം….കൂടെയുണ്ടെന്ന് കണ്ണുകൾ കൊണ്ട് വീണ്ടും വീണ്ടും പറഞ്ഞിരുന്നു.
നേടിയ വിജയങ്ങളിൽ ഒപ്പം സന്തോഷിച്ചു, പരാജയം രുചിച്ചപ്പോൾ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു, അഭിമാനത്തോടെ എല്ലായിടത്തും അവതരിപ്പിച്ചു.
അങ്ങ് എന്നെ ആദ്യമായി യൂത്തിന് ക്ലാസെടുക്കാൻ പാണത്തൂരേക്ക് വിളിച്ചു. ഞാൻ പിന്നീടവിടെ കൊച്ചച്ചനായി. പിന്നെയും എത്രയോ തവണ എത്രയോ അവസരങ്ങൾ..
ഏത് ആൾക്കൂട്ടത്തിനിടയിലും സ്നേഹമുള്ള ഒരു കണ്ടുമുട്ടലായിരുന്നു അങ്ങ്. ‘മനോജ്’ എന്ന വിളിയിൽ എല്ലാമുണ്ടായിരുന്നു. പൗരോഹിത്യ യാത്രയിലെ എല്ലാ പ്രവർത്തനങ്ങളിലും അങ്ങയുടെ ആശീർവാദം ഞാൻ സ്വീകരിച്ചിട്ടുണ്ട്.
ഒരുവേള പ്രീസ്റ്റ് ഹോമിൽ വിശ്രമിച്ചപ്പോൾ വലിയ നോവോടെ അങ്ങ് എന്നെ കേട്ടിരുന്നതോർക്കുന്നു, ബലപ്പെടുത്തിയതും.
അന്ന് എന്തിനാ കണ്ണ് നിറഞ്ഞത്….?
വേദനയുടെ ലഹരിയിൽ വരഞ്ഞ ചിത്രങ്ങൾ
പിന്നീട് നമ്മുടെ സംസാരത്തിൻ്റെ ഭാഗമായി. എൻ്റെ ഭാഗ്യവും.
നമ്മളവസാനം കണ്ടത് എടൂര് കുടിലിലച്ചൻ്റെ ചാച്ചൻ ( വല്യച്ചാച്ചൻ ) മരിച്ചപ്പോഴാണ്. എൻ്റെ ഉള്ളിൽ അന്ന്പെയ്ത സങ്കടത്തെ ”മനോജേ” എന്ന ഒറ്റവിളി കൊണ്ട് അങ്ങ് കുട ചൂടിച്ചു. മിഴിവുള്ളയാ പുഞ്ചിരി കൊണ്ട്, കരുതലുള്ളയാ സ്പർശനം കൊണ്ട് രോഗാതുരമായൊരു മനസിനെ അങ്ങ് ആരുമറിയാതെ സുഖപെടുത്തിയിരുന്നു.
രോഗബാധിതനായതും പതിയെ പതിയെ അതങ്ങയെ ശ്വാസമുട്ടിക്കുന്നതും എൻ്റെ
പ്രാർത്ഥനയെ കണ്ണീരുള്ളതാക്കി.
കടൽ കരയിലെ നമ്മുടെ സെമിനാരിയിലൂടെ നടക്കുമ്പോൾ പഴയ ഓർമ്മകളുടെ വേലിയേറ്റം.
ചാപ്പലും റെഫക്ടറിയും വരാന്തകളും സ്റ്റേജും ഗ്രൗണ്ടും അങ്ങ് എവിടെയാണ് ഇല്ലാത്തത്…
സഹപാഠി ജോം മാർപാപ്പയുടെ ആശീർവാദം ഫോണിൽ വീഡിയോ കോളിലൂടെ അങ്ങേക്ക് കൈമാറിയപ്പോൾ എന്തോ വലിയ സന്തോഷം തോന്നി.ലോകം മുഴുവനും അങ്ങയുടെ രോഗ കിടക്കക്കരുകിൽ വന്നു നിൽക്കുന്നുവെന്ന് വിശ്വസിച്ചു.
രണ്ട് നാൾ മുമ്പ് പ്രാർത്ഥനകൾക്കിടയിലൂടെ വണ്ടറച്ചൻ യാത്രയായി എന്ന വാർത്ത കേട്ട് അലറിക്കരയുന്നൊരു മൗനമായീ ഞാൻ. എന്തോ ഒരു വാർത്തയും അത്രമേൽ മുറിവേൽപ്പിച്ചിട്ടില്ല. അത്താഴ മേശയിൽ വച്ച് ഇന്ന് ആ വാർത്ത ഉറപ്പിച്ചപ്പോൾ എന്തോ…
ഒരു വല്ലായ്മ…ഒരുപിടച്ചിൽ..
പട്ടത്തിൻ്റെ മെമൻ്റോയിൽ എഴുതിയത് ഓർത്തു.
” അങ്ങയുടെ രാജ്യം വരണമേ
അങ്ങയുടെ ഹിതം നിറവേറണമേ “
വണ്ടറച്ചാ ആദ്യ കോൺഫറൻസിൽ അങ്ങു പറഞ്ഞു തന്നയാ സൂത്രവാക്യം കൊണ്ട് തന്നെയാണ് ഞാനിന്നും ജീവിതത്തെ നേരിടുന്നത്.
ഞാനിത് എഴുതുന്നത് മൈനർ സെമിനാരിയിലാദ്യമായി ധ്യാനിക്കാൻ നമ്മളൊരുമിച്ചുകൂടിയ അണ്ടർ ഗ്രൗണ്ട് ചാപ്പലിൽ അങ്ങയുടെ വരവു കാത്തിരിക്കുമ്പോഴാണ്. പാതിരാത്രിയാവുന്നു.. പുറത്ത് ഒരു മഴതേങ്ങുന്നുണ്ട്..
ഇത്തിരികൂടി കഴിയുമ്പോൾ അങ്ങ് വരും.. പതിവുപോലെ മനസറിഞ്ഞെന്നെ കേൾക്കും.
എൻ്റെ നൂറായിരം ചോദ്യങ്ങൾക്ക് ഉത്തരം തരും. കഴുത്തിലെ വടുക്കളിൽ കരം ചേർത്ത് ആശീർവദിക്കും. നാമൊരുമിച്ച് എല്ലാം ദൈവഹിതമെന്ന സങ്കീർത്തനം പാടും.
കണ്ണീരിനിടയിലൂടെ പ്രസാദമുള്ള പുഞ്ചിരിയായ്
സ്വർഗ്ഗവീടോളം യാത്രാമൊഴിചൊല്ലും.
ഞാനെന്ന പച്ചവെള്ളത്തെ ഇത്തിരിയേലും രുചിയുള്ളതാക്കി തീർത്തതാണ് വണ്ടറച്ചാ
അങ്ങ് എനിക്കായ് ചെയ്ത വണ്ടർ!
03 ജൂൺ 2021