All posts by admin

About admin

Chairman of Global TV | Excellent Writer | Exceptional PR Skills | Author of Six books | MASTER HEALER | +91 98441 82044 |

സാബു എന്നും നിഴലായി ജെസിക്കൊപ്പം നിന്നു. ആവോളം സ്‌നേഹവും കരുതലും നല്‍കി. വേദനപോലും ഒപ്പിയെടുക്കാന്‍ ശ്രമിച്ചു.

By ഫ്രാങ്കോ ലൂയിസ്

അല്‍ഫോന്‍സ. ജെസിയെന്നാണു സാബു വിളിക്കാറുള്ളത്. ഞങ്ങളും അങ്ങനെ വിളിച്ചു. എല്ലാവരോടും സ്‌നേഹവും കരുതലുമുള്ള ജെസി. കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയായിരുന്നു.

രണ്ടു വര്‍ഷം മുമ്പ് ബില്‍ഡര്‍ എന്ന നിലയില്‍ സാബു എനിക്കു കുറേ സഹായങ്ങള്‍ ചെയ്തുതന്നു. എന്നും വിശേഷങ്ങള്‍ ചോദിക്കാറുള്ള സാബുവിന്റെ ശബ്ദം ഒന്നു രണ്ട് ആഴ്ചയായി കേട്ടില്ല. ഞാന്‍ വിളിച്ചപ്പോള്‍ വളരെ തിടുക്കത്തിലാണു മറുപടി തന്നത്. പന്തികേടു തോന്നി എന്താ പ്രശ്‌നമെന്നു ചോദിച്ചു.

‘ഞാന്‍ കുറച്ചു ദിവസമായി ആശുപത്രിയിലാണ്. ലേക് ഷോറിലാണ്. ജെസിക്കു സുഖമില്ല.’

മറുപടി കേട്ട് ഞാന്‍ അമ്പരന്നു. കാന്‍സറാണ്. കീമോതെറാപ്പി തുടങ്ങിയിരുന്നു. കീമോയുടെ ക്ഷീണവും അസ്വസ്ഥതകളുമുണ്ട്. ട്യൂമര്‍ ചുരുങ്ങുന്ന മുറയ്ക്ക് ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്യാം. ആശ്വാസത്തിന്റേയും പ്രതീക്ഷയുടേയും വാക്കുകള്‍.

ആദ്യ ഡോസ് കീമോ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കുടുംബസമേതം കാണണമെന്ന് ആഗ്രഹിച്ചു. വരരുതെന്ന് സാബു വിലക്കി. അതിനു പല കാരണമുണ്ട്. അണുബാധ ഭീഷണി. വേദന. മുടിയെല്ലാം കൊഴിഞ്ഞുപോയിരിക്കുന്നു. ആരേയും അഭിമുഖീകരിക്കാന്‍ താല്‍പര്യമില്ല. രോഗിയെ മാനസികമായി തളര്‍ത്തുന്ന സംസാരങ്ങളുണ്ടാകുമോയെന്ന ശങ്കയുമുണ്ട്. അതിനാല്‍ ആരേയും കാണേണ്ടെന്നാണു നിലപാട്.

അവരുടെ വീട്ടില്‍ ഒരുപാട് അവസരങ്ങളില്‍ എനിക്കു വച്ചുവിളമ്പിത്തന്ന കൈകളാണത്. അതുപോലെ എന്റെ വീട്ടിലും അവര്‍ അതിഥികളല്ല. അത്രയും അടുപ്പമുണ്ട്.

അതുകൊണ്ട് സാബുവിന്റെ വിലക്കു കൂസാതെ ആ വീട്ടിലേക്കു പോയി. സാബുവുമായി സംസാരിച്ചു. അകത്തുള്ള മുറിയില്‍ വിശ്രമത്തിലായിരുന്ന ജെസി അല്‍പം കഴിഞ്ഞപ്പോഴേക്കും വന്നു. തലയില്‍ ഒരിഴ മുടിപോലുമില്ലായിരുന്നു. അതൊന്നും ഗൗനിക്കാതെ ആ മുഖത്തു പുഞ്ചിരി.

എന്തു വെല്ലുവിളിയേയും നേരിടാന്‍ സജ്ജമാണെന്ന ജെസിയുടെ മുഖഭാവം കണ്ടപ്പോഴേ എനിക്കു സമാധാനമായി. എന്തിനേയും നേരിട്ടേ തീരൂവെന്ന് ജെസിയും സാബുവും പറഞ്ഞപ്പോള്‍ എനിക്കും അതുതന്നെയാണു പറയാനുള്ളതെന്നായി ഞാന്‍.

പിന്നീട് ആറേഴു മാസം മുമ്പ് സാബു പറഞ്ഞു: രോഗം എങ്ങനെയോ ശ്വാസകോശത്തിലേക്കു പടര്‍ന്നു. മൂത്ത മകളുടെ വിവാഹാലോചന തുടങ്ങുകയാണ്. വിവാഹ മുഹൂര്‍ത്തത്തിനു സാക്ഷ്യമേകാന്‍ കഴിയുമെങ്കില്‍ നല്ലതല്ലേ.

മാട്രിമണി സൈറ്റില്‍ മകളുടെ ഫോട്ടോയും വിവരങ്ങളും ചേര്‍ത്തു. യോജ്യമായ ആലോചനകള്‍ തെരഞ്ഞുവരികയായിരുന്നു. വേദനയുടേയും അസ്വസ്ഥതകളുടേയും മധ്യേ അതിനു കഴിയുമായിരുന്നില്ല.

എളുപ്പത്തില്‍ സേര്‍ച്ചു ചെയ്യാന്‍ എന്താണു മാര്‍ഗം.

അറിയാവുന്ന വിദ്യകള്‍ ഞാന്‍ പങ്കുവച്ചു. പക്ഷേ, അധികം തെരയാന്‍ സാവകാശം ലഭിച്ചില്ല.

സാബു എന്നും നിഴലായി ജെസിക്കൊപ്പം നിന്നു. ആവോളം സ്‌നേഹവും കരുതലും നല്‍കി. വേദനപോലും ഒപ്പിയെടുക്കാന്‍ ശ്രമിച്ചു.

ഇന്നു രാവിലെ ആറിന് സാബുവിന്റെ ഫോണ്‍ വന്നപ്പോള്‍ ഇങ്ങനെയൊരു വിശേഷം കേള്‍ക്കേണ്ടി വരുമെന്നു കരുതിയില്ല.

ഒരു നാള്‍ നാമെല്ലാം പോകേണ്ടവര്‍തന്നെ. എങ്കിലും ഇഷ്ടമുള്ളവര്‍ പോകുമ്പോള്‍ വിഷമം, അല്ല, ഒരുതരം വിമ്മിഷ്ടമാണ്.

ഏറ്റവും മികച്ച ഫോട്ടോ ജേണലിസ്റ്റ്, ഒന്നാന്തരം ബില്‍ഡര്‍ എന്നതിലെല്ലാം ഉപരി നല്ല മനുഷ്യസ്‌നേഹി എന്ന നിലയിലാണ് 35 വര്‍ഷമായി സാബുവിനെ കാണുന്നത്.

പ്രിയപ്പെട്ട ജെസീ,
ഞങ്ങളുടെ മനസില്‍ ആ സ്‌നേഹം അണയാത്ത ജ്വാലയാണ്.
പ്രണാമം.

ഫ്രാങ്കോ ലൂയിസ്

സങ്കട കടലിലെ വജ്ര ശേഖരം!

ഈ കടലിന്റെ തീരത്തെ സമചിത്തതയുടെ നിമിഷങ്ങൾ നിങ്ങൾക്ക് സമ്മാനിക്കുന്നത് വിസ്മയിപ്പിക്കുന്ന തിരിച്ചറിവുകൾ. ഒപ്പം അദ്‌ഭുതകരമായ ആത്മബലവും.

By NV PAULOSE

സങ്കട കടൽ എല്ലാവർക്കും ഒരു ബാലികേറാ മലയാണ്. ഒരിക്കലും കാലെടുത്തുവയ്ക്കാൻ കഴിയാത്ത വിധം അതിന്റെ തീരങ്ങൾ തിരകളാൽ പ്രക്ഷുബ്ദം ആയിരിക്കും. എത്ര ധൈര്യ ശാലിയും നിയന്ത്രണം വിട്ട പട്ടം പോലെ തകർന്നു വീഴുന്ന സങ്കട കടലിന്റെ തീരം സമചിത്തതയോടെ തരണം ചെയ്യുന്നവർ പക്ഷെ വലിയൊരു വജ്ര ശേഖരവും ആയിട്ടായിരിക്കും തന്റെ മുന്നോട്ടുള്ള യാത്ര പുനരാരംഭിക്കുക.

എന്താണ് നിങ്ങളുടെ സങ്കട കടൽ? എവിടെ തുടങ്ങിയതാണ് ഈ യാത്ര? എങ്ങിനെയാണ് നിങ്ങൾ ഈ യാത്രയെ അഭിമുഖീകരിച്ചത്?

നിങ്ങളുടെ നഷ്ടവും, നിങ്ങൾക്കും മറ്റുള്ളവർക്കും ഉണ്ടായ വിഷമങ്ങളും, നിങ്ങൾക്കും നിങ്ങൾക്കുള്ളവർക്കും നിങ്ങൾക്കു ചുറ്റുമുള്ള ലോകത്തിനും പറഞ്ഞുകൊടുത്തതും കൊടുക്കുന്നതുമായ കഥ എന്താണ്? ഈ കഥയിൽ എന്താണ് ഗുണപാഠം?

എവിടെയാണ് ഈ യാത്ര തുടങ്ങിയത്? എത്ര വേഗം എത്ര ദൂരം യാത്ര ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞു? തുടർന്നുള്ള യാത്ര ആര് ഏറ്റെടുക്കും? എന്താണ് നിങ്ങളുടെ യാത്രയുടെ ലക്‌ഷ്യം?

ചോദ്യങ്ങൾക്കു അവസാനം ഇല്ല. ക്ഷമയോടെ അതിന്റെ തീരത്തു ഇരിക്കുകയും സങ്കട കടലിനെ സസൂഷ്മം നിരീക്ഷിക്കുകയും ചെയ്യുന്നവർ വലിയ തിരിച്ചറിവാണ് നേടുക. മുന്നോട്ടുള്ള അവരുടെ യാത്രയിൽ വലിയ കരുത്തായി ഇത് മാറും. ഓർമകളും അനുഭവങ്ങളും നൽകുന്ന വജ്ര ശേഖരം ആർക്കും തകർക്കാൻ പറ്റാത്ത ആത്മ വിശ്വാസം നിങ്ങളിൽ നിറയ്ക്കും.