ചിങ്ങം പിറന്നു; ഇനി കൃഷ്ണപ്പാട്ടിൻ്റെ ശീലുകൾ പാടും നാളുകൾ | Global TV

Posted on: August 17, 2026

കൃഷ്ണഗാഥ പ്രചാരണവുമായി സംഘവഴക്ക ഗവേഷണ പീഠം രംഗത്ത്


കണ്ണൂർ: ചിങ്ങം ഉത്തര കേരളത്തിൽ ചെറുശ്ശേരിയുടെ കൃഷ്ണഗാഥ പിറന്ന മാസമാണ്.

മലയാളത്തിലെ ആദ്യത്തെ സമ്പൂർണ പച്ച മലയാള മഹാകാവ്യമാണ് കോലത്തിരിയുടെ വിദ്വൽ സദസ്യനായ ചെറുശ്ശേരി നമ്പൂതിരി രചിച്ച കൃഷ്ണഗാഥ. മലയാള സാഹിത്യത്തിൽ പാട്ടു പ്രസ്ഥാനത്തിൽ ഉൾപ്പെട്ട സമ്പൂർണ മഹാകാവ്യം.ഉദയവർമ്മൻ കോലത്തിരി മഹാരാജയുടെ ആജ്ഞപ്രകാരമാണ് കൃഷ്ണഗാഥ നിർമ്മിച്ചതെന്ന് കവി തന്നെ കാവ്യത്തിൽ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ശ്രീകൃഷ്ണ ജന്മമാസമായ ചിങ്ങത്തിൽ കൃഷ്ണഗാഥ തൻ്റെ നാട്ടിൽ എല്ലാവരും പാരായണം ചെയ്യണമെന്ന് തിട്ടൂരമിറക്കി ഉദയവർമ്മൻ കോലത്തിരി മഹാരാജ കവിയെ ആദരിച്ചു.


കൃഷ്ണഗാഥയുടെ രചനാകാലം പതിനഞ്ചാം നൂറ്റാണ്ടാണെന്നാണ് സാഹിത്യ ഗവേഷകർ അംഗീകരിച്ചിട്ടുള്ളത്.

മലയാളത്തിലെ ആദ്യത്തെ പാരായണ കാവ്യം കൂടിയായി കൃഷ്ണഗാഥ ചരിത്രത്തിൽ സ്ഥാനം പിടിച്ചു. പിന്നീടാണ് എഴുത്തച്ഛൻ്റെ അധ്യാത്മ രാമായണം കിളിപ്പാട്ട് കർക്കടക മാസം പാരായണം ചെയ്യുന്ന സമ്പ്രദായം ആരംഭിച്ചത്. ചിങ്ങത്തിൽ ഉദയവർമ്മൻ കോലത്തിരി ആഹ്വാനം ചെയ്ത പാരായണ
വഴക്കം ഉത്തര കേരളം ഇന്നും സംരക്ഷിച്ചു വരുന്നു. പഴയ തറവാടുകളിലും ക്ഷേത്രങ്ങളിലും കൃഷ്ണഗാഥ പാരായണം മുടങ്ങാതെ നടത്തുന്നുമുണ്ട്.

ചിങ്ങം കൃഷ്ണപ്പാട്ട് പ്രചാരണ മാസം എന്ന പേരിൽ സി. എം എസ് ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠത്തിൻ്റെ ആഭിമുഖ്യത്തിൽ വർഷങ്ങളായി പ്രചാരണ പ്രവർത്തനങ്ങളുമുണ്ട്.

ഇതിൻ്റെ ഭാഗമായി കൃഷ്ണഗാഥ പാരായണം ചെയ്യുന്നവരുടെ കൂട്ടായ്മ – കൃഷ്ണപ്പാട്ടു വഴക്കം എന്ന പേരിൽ രൂപീകരിച്ച് ചിങ്ങ ത്തിലെ എല്ലാ ദിവസവും കൃഷ്ണഗാഥ പാരായണം ഒരുക്കിയിട്ടുണ്ട്.
ഇക്കുറി ചെന്നൈ കേന്ദ്രീകരിച്ച് കൃഷ്ണഗാഥ
ഓൺ ലൈൻ പാരായണകൂട്ടായ്മയും ആരംഭിച്ചിട്ടുണ്ട്. തെളിമലയാള ഭാഷയുടെ പ്രചാരണ കാവ്യം കൂടിയാണ് കൃഷ്ണഗാഥ.
ചിറക്കൽ ചിറ മതിലകം ശ്രീകൃഷ്ണ ക്ഷേത്രം,
കീഴല്ലൂർ മഹാദേവ ക്ഷേത്രം, അഴീക്കോട് മൊളോളംക്ഷേത്രം, വാരം ശ്രീകൃഷ്ണ ക്ഷേത്രം, തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ മാതൃ സമിതിയുടെ നേതൃത്വത്തിൽ ഈ വർഷവും കൃഷ്ണപ്പാട്ടു വഴക്കം കൂട്ടായ്മ പാരായണം നടത്തുന്നുണ്ട്.

കൃഷ്ണ ഗാഥായനം എന്ന പേരിൽ ഇതോടനുബന്ധിച്ച് വിവിധ ഇടങ്ങളിൽ ചിങ്ങത്തിൽ കൂട്ടായ്മകളും ഒരുക്കുന്നുണ്ടെന്ന് സി. എം എസ് ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠം അറിയിച്ചു. കീഴല്ലൂർ മഹാദേവ ക്ഷേത്രത്തിൽ ചിങ്ങം 31 ദിവസവും പാരായണം നടത്തുന്നവരുടെ 28 ഓളം പേരടങ്ങുന്നവരുടെ പ്രത്യേക പട്ടിക തയ്യാറാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
18 ന് രാവിലെ 7 _30 ന് ആരംഭിക്കും . സെപ്റ്റംബർ 17 നാണ് സമർപ്പണം
പരമ്പരാഗതമായി ചിങ്ങത്തിൽ
എല്ലാ ദിവസവും രാവിലെയാണ് കൃഷ്ണഗാഥ പാരായണം നടത്തിവരുന്നത്
കീഴല്ലൂർ മഹാദേവ ക്ഷേത്രത്തിൽ
സെപ്റ്റംബർ 13 ന് വൈകുന്നേരം 4.30 ന് കൃഷ്ണഗാഥ പാരായണ മത്സരവും നടത്തുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *