ജോസ് ടി തോമസ്
ആദ്യം അങ്ങനെയാണ്
ഡി. വിനയചന്ദ്രൻ പറഞ്ഞതുപോലെ, ആരും ശ്രദ്ധിക്കുന്നില്ല.
പിന്നെ, ഉലയിലേക്കു പകരുന്ന ചുടുനിശ്വാസം കനലെരിക്കും; മെല്ലെ ചൂടു കൂടും; പഴുക്കണ്ടതു പഴുക്കും.
ആദ്യം അധികമാരും അറിയുന്നില്ല.
ഈ രാത്രി ഏറെ വേദനാഭരിതമാണ്. എന്റെ പെങ്ങൾ ഞങ്ങളുടെ പട്ടണത്തിന്റെ വീഥികളിൽ മുടിമുറിഞ്ഞ് ഇങ്ങനെ സഞ്ചരിക്കേണ്ടിവരുന്നതിന്റെ ചിത്രങ്ങൾ എനിക്കിനി കണ്ടിരിക്കാൻ വയ്യ.
അവതാരകൻമാരും ലേഖകൻ മാരും സൂക്ഷ്മനിരീക്ഷകൻമാരും വിശാരദൻമാരും, എന്റെ പെങ്ങളോടും അവളുടെ നേതാക്കൻ മാരോടും ചോദിക്കാനും പറയാനും ഉള്ളതെല്ലാം ചോദിക്കുകയും പറയുകയും ചെയ്തുകഴിഞ്ഞു.
വാർത്തയുടെ നേർച്ച കഴിയുന്നു.
എന്റെ പെങ്ങളിൽനിന്ന് മാധ്യമപുരുഷന്മാർക്കുവേണ്ടത് പുരുഷരാഷ്ട്രീയഭാഷയിലുള്ള ഉത്തരങ്ങളാണ്. യഥാർത്ഥ സ്ത്രീരാഷ്ട്രീയം എങ്ങനെയാണ് ആ ഭാഷയിലാവുക? അതാണ് ഈ രാത്രിയിലെ ചോദിക്കപ്പെടാത്ത ചോദ്യം.
മനുഷ്യനെന്നാൽ പുരുഷനെന്നും ജനപ്രാതിനിധ്യമെന്നാൽ പുരുഷപ്രാതിനിധ്യമെന്നും ആയിരുന്നിടത്തുനിന്ന് ലോകം മാറുകയാണ്. സ്ത്രീ സ്വന്തം ഭാഷയിൽ സ്വയം ആവിഷ്കരിക്കുന്നതിലൂടെയാണ്, ആരെങ്കിലും ഔദാര്യം ചെയ്തല്ല, അതു സംഭവിക്കുന്നത്. എന്റെ പെങ്ങൾ ആ ഭാഷയാണു ജീവിക്കുന്നത്.
അവൾ ആത്മാവിഷ്കാരം ചെയ്തതിന്റെ രീതിശാസ്ത്രം ഗുണിച്ചുഹരിച്ച പാർട്ടിത്തമ്പുരാക്കന്മാർക്കും മതത്തമ്പുരാക്കന്മാർക്കും വഴങ്ങുന്ന ഭാഷയല്ലത്. ആണ്ടിലൊരു വനിതാദിനത്തിൽ പെണ്ണെഴുത്തിനു കോളമിടുന്ന പത്രാധി പൻ മാർക്കും, പുറന്താളിലെ ഫ്ളഷ് കട്ട് ചിത്രത്തിനു സിനിമാതാരംപോലെ മേക്ക്ഓവർ ചെയ്തു ഫോട്ടോഷൂട്ടിനു വരാൻ എഴുത്തുകാരികളോടു പറയുന്ന പ്രസാധ കൻ മാർക്കും തിരിയുന്ന ഭാഷയല്ലിത്.
ഇത് സ്ത്രൈണഹൃദയനൈർമല്യത്തിന്റെ ഭാഷയാണ്.
പെങ്ങളേ, ഉപരിപഠനം കഴിഞ്ഞ് പത്രപ്രവർത്തക ആകാൻ കുട്ടികളുടെ പത്രത്തിന്റെ ശില്പശാലയിൽ നീ വന്നിരുന്നത് ഓർക്കുന്നു. ഭൂതത്താൻകെട്ടിൽ ആണവ വൈദ്യുതിനിലയത്തിനു നീക്കം നടക്കുന്നതിന്റെ വാർത്ത തയ്യാറാക്കുന്ന സെഷൻ. “കേരളത്തിലേക്കു ഭസ്മാസുരൻ” എന്നൊരു തലക്കെട്ടു ഞാൻ നിർദേശിച്ചപ്പോൾ നിഷ്കളങ്കം സവിനയം നീ ചോദിച്ചു: “കുഞ്ഞുങ്ങൾക്കു ഭസ്മാസുരനെ മനസ്സിലാകുമോ?”
മനുഷ്യനെക്കുറിച്ചുള്ള മനുഷ്യന്റെ കരുതൽ. സ്ത്രീയുടെ കരുതൽ.
നാടു നന്നാകാൻ, ഉറപ്പാണ്, ഈ സംശുദ്ധ കരുതൽ വേണം.
അർധരാത്രി ആവുന്നു.
പത്രകൂടങ്ങൾ കൂവിത്തുടങ്ങിയിരിക്കും.
പ്രതികരിക്കുകയാണെങ്കിൽ ആണുങ്ങളെപ്പോലെ പ്രതികരിക്കണം എന്നു പറയുന്നതിലെ ആഭാസത്തിന് ആനി രാജമാർ നൽകുന്ന മറുപടി എത്ര വരിയിൽ അച്ചടിമഷി പുരളും എന്ന് എനിക്കറിയില്ല.
എന്റെ പെങ്ങളുടെ മുടി മുറിപ്പിച്ച ഭസ്മാസുരന്മാരുടെ തലവാചകമേളകളുണ്ടാവുമെന്നു തീർച്ച. ഇത് അവരുടെ രാത്രിയാണ്.
സാരമില്ല.
പുതിയ കുഞ്ഞുങ്ങളുടെ പ്രഭാതം വരാനുണ്ട്.
തുല്യ പ്രാതിനിധ്യം, അല്ലാതെന്ത് എന്നു ചോദിക്കുന്ന പെണ്ണിന്റെയും ആണിന്റെയും എൽജിബിടിയുടെയും പ്രഭാതമാണത്. ആ പ്രഭാതത്തിന്റെ ആദ്യരശ്മിയാണു പെങ്ങളേ, നിന്റെ ചിലപ്പതികാരം.
ജോസ് ടി തോമസ്
muziristimes.com