എൻ്റെ മലയാളം എൻ്റെ സന്തോഷം

Posted on: July 20, 2021


എൻ്റെ മാതൃഭാഷയായ മലയാളത്തെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നു എന്ന് പറയുവാൻ എനിക്ക് വാക്കുകളില്ല.

സി. സോണിയ K ചാക്കോ. DC


എൻ്റെ മാതൃഭാഷയായ മലയാളത്തെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നു എന്ന് പറയുവാൻ എനിക്ക് വാക്കുകളില്ല.

അതോടൊപ്പം ഞാൻ എന്താണോ അതിനു പിന്നിൽ +2 വരെ എനിക്ക് വിദ്യഭ്യാസം തന്ന മലയാളം മീഡിയം ഗവൺമെൻ്റ് സ്കൂളാളെന്ന് അഭിമാനത്തോടെ അടിവരയിട്ട് എവിടെയും എപ്പോഴും പറയുവാൻ എനിക്ക് സന്തോഷം മാത്രം.
“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു തൻ ഭാഷ പെറ്റമ്മ താൻ …” എന്ന മഹാകവി വള്ളത്തോളിൻ്റെ പാടിപ്പതിഞ്ഞ കവിതാ ശകലം ഓർക്കുന്നു.

ഇന്നലെ യാദൃശ്ചികമായി ഞാൻ കണ്ട ”മലയാളം മീഡിയം ” എന്ന കൊച്ചു ചലച്ചിത്രമാണ് അതിന് കൂടുതൽ ഉത്തേജനം ഏകി ഇത്രയൊക്കെ ഓർക്കാനുള്ള കാരണം. എല്ലാ വിദ്യാഭ്യാസ കമ്മീഷനുകളും അടിവരയിട്ടു പറഞ്ഞിട്ടും കേൾക്കാത്തപ്പോൾ തനിമയെ തനിമയിൽ ഉയർത്തിക്കാണിക്കുന്ന ഈ കൊച്ചു ചലച്ചിത്രത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ! കാലത്തിൻ്റെ ചുവടുകൾ നിങ്ങൾ കാതോർക്കുന്നു എന്നതിൽ ഏറെ സന്തോഷം.
വിശുദ്ധ അൽഫോൻസാമ്മയും,
എവുപ്രാസ്യമ്മയും, മറിയം ത്രേസ്യായേയും, ചാവറ പ്പിതാവിനെയും വിശുദ്ധരായി പ്രഖ്യാപിച്ച അവസരങ്ങളിൽ പലതവണ ഞാൻ കേട്ട് മനസ്സിൽ തട്ടിയ ഒരു കാര്യം ഇതായിരുന്നു ‘ഇനി മലയാളം മനസ്സിലാകുന്ന മലയാളം മീഡിയത്തിൽ പഠിച്ച മലയാളികളുടെ സാന്നിധ്യം സ്വർഗ്ഗത്തിലും ഉണ്ട് ‘. ഇത് കേവലം ഒരു തിളങ്ങുന്ന വാക്യം ആയിരുന്നു എങ്കിലും അതിൽ ഒരു കാര്യം ഞാൻ കണ്ടിരുന്നു. തായ് മൊഴിയായ മലയാളത്തെ അമ്മയെപ്പോലെ സ്നേഹിക്കാനുള്ള ആദ്യ അവസരം എനിക്ക് കിട്ടിയത്  എൻ്റെ മലയാളം അധ്യാപകരായ ഡോക്ടർ C K മോഹനൻ മാഷ്, ജഗദീഷ് മാഷ്, കൃഷ്ണൻകുട്ടി മാഷ് എന്നിവരിൽ നിന്നുമാണ് എന്ന് നിസംശയം പറയാം. അറിവിൻറെ നിറകുടങ്ങളാണ് ആയിരുന്നു എൻ്റെ അധ്യാപകർ.

എന്നെ ഞാൻ ആക്കുന്നതിൽ  ഒരു പ്രധാനപങ്ക് എൻ്റെ പ്ലസ് ടു വരെയുള്ള മലയാളം മീഡിയം സ്കൂ സ്കൂളിലെ പഠനമാണ്.  പഠിത്തത്തിൽ  എന്നും മുന്നിൽ  അല്ലായിരുന്നു എങ്കിലും ‘മിടുക്കി’ എന്ന വിശേഷണത്തിന് ചിലപ്പോഴൊക്കെ അർഹയായ ഞാൻ എൻറെ മലയാളം മീഡിയത്തിലെ ദിനങ്ങൾ ഏറ്റവുമധികം ഓർത്ത് കൃതജ്ഞത താഭരിതയായത് പ്ലസ് ടു പരീക്ഷയിൽ സ്കൂളിലും, ഡിഗ്രി കാലഘട്ടത്തിൽ കോളേജിലും ഒന്നാമതായ് എത്തിയപ്പോൾ ആണ്.  അപ്പോൾ മുതൽ എന്നിലെ വിജ്ഞാനത്തിൻ്റെ അടിത്തറ മലയാളം മീഡിയം ഗവൺമെൻ്റ്സ്കൂൾ ആണെന്ന് യാതൊരു മടിയും ഇല്ലാതെ എവിടെയും ഞാൻ പറഞ്ഞിരുന്നു. ഏത് വേദിയിലും യാതൊരു മടിയുമില്ലാതെ തലയുയർത്തി നിൽക്കുവാൻ എന്നെ  മലയാളം മീഡിയത്തിലെ പഠന പാഠ്യേതര അവസരങ്ങളും, യുവജനോത്സവങ്ങളും സാഹിത്യ സമാജങ്ങളും പ്രാപ്തയാക്കി.

ഏതൊരു സംശയവും അപ്പോൾ തന്നെ ചോദിക്കുന്നത് എൻറെ അധ്യാപകർ പ്രത്യേകിച്ചും ട്വിങ്കിൾ ടീച്ചറും, പോൾ, യൂസഫ്, P P മാത്യു , ഡെന്നിസ് മാഷുമാർ എൻ്റെ അമ്മാവനായ സെബാസ്റ്റ്യൻ സാറും, കണക്ക് ഞങ്ങളുടെ ശത്രുവല്ലാതാക്കിയ തിരുവനന്തപുരത്തു നിന്നും വന്ന് ഇന്ന് നമ്മോടൊപ്പമില്ലാത്ത കുഞ്ഞുമോഹൻ മാഷുമാണ്.

പിന്നീട് മൂന്ന് സർവകലാശാലകളിൽ നിന്നും സമ്മാനങ്ങൾ വാരിക്കോരുവാനും, ഏത് വേദിയിലും ഭയമില്ലാതെ ഏതു മത്സരങ്ങളും പങ്കെടുക്കുവാനും എന്നെ ഒരുക്കിയതും പ്രാപ്തയാക്കിയതും എൻ്റെ  മലയാളമീഡിയം സ്കൂൾ ആണ്. കൂടാതെ എന്നിലെ എഴുത്തുകാരിയെ ആദ്യം കണ്ടെത്തിയതും, വായനയുടെ മ  വിസ്മയലോകം എനിക്ക്  തുറന്നു തന്നതും മലയാളം മീഡിയം ആണ്.

ഐ പി എസ് സ്വപ്നത്തിൽ എൻറെ പ്ലസ് ടു പരീക്ഷ ഏറ്റവും ഉയർന്ന മാർക്കോടെ പഠിച്ചു തീർത്തു ഇന്ന് പാവങ്ങളെ ശുശ്രൂഷിക്കുന്ന നിൻറെ സഭാ സമൂഹമായ ഡോക്ടേഴ്സ് ചാരിറ്റി എന്ന സന്യാസി സമൂഹത്തിൽ അംഗം ആയിരിക്കുമ്പോൾ മധുരസ്മരണകൾ മാത്രമേ എനിക്ക് കൈവരിക്കുവാൻ ഉള്ളൂ

എന്തേ ഞാൻ പഠിച്ച എൻറെ മലയാളം എഴുത്ത് കുറിച്ച് പറയുവാൻ ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം ആധുനിക തത്വചിന്തകനായ വൈഗോസ്കിയും, ടാഗോറും, ഗാന്ധിജിയും അടിവരയിട്ട് പറയുന്നതുപോലെ അനുഭവത്തിൽനിന്നു ഞാനും കുറിക്കട്ടെ… മാതൃഭാഷാ വിദ്യാഭ്യാസം  ഒരു വ്യക്തിയുടെ  മനസ്സിൽ സർഗ്ഗശേഷിയും , സത്ചിന്തയും  സാഹോദര്യവും വളർത്തുന്ന സർവ്വകലാശാലയാണ് മലയാളം മീഡിയം. 
മഹാകവി വള്ളത്തോളിൻ്റെ വരികൾ കൊണ്ട് നിർത്തട്ടെ…
അമ്മതാന്‍തന്നേ പകര്‍ന്നുതരുമ്പോഴേ
നമ്മള്‍ക്കമൃതുമമൃതായ്‌ത്തോന്നൂ!
ഏതൊരു വേദവുമേതൊരു ശാസ്ത്രവു–
മേതൊരു കാവ്യവുമേതൊരാള്‍ക്കും
ഹൃത്തില്‍പ്പതിയേണമെങ്കില്‍ സ്വഭാഷതന്‍
വക്ത്രത്തില്‍ നിന്നുതാന്‍ കേള്‍ക്കവേണം

ഹൃദ്യം സ്വഭാഷതന്‍ ശീകരമോരോന്നു–
മുള്‍ത്തേനായ്‌ച്ചേരുന്നു ചിത്തതാരില്‍;
അന്യബിന്ദുക്കളോ, തല്‍ബഹിര്‍ഭാഗമേ
മിന്നിച്ചുനില്‍ക്കുന്ന തൂമുത്തുകള്‍.
 
-വള്ളത്തോള്‍ നാരായണമേനോന്‍
(സാഹിത്യമഞ്ജരി- ഭാഗം7)

മാതൃഭാഷയെ സ്നേഹിക്കുന്ന മലയാളത്തെ ബഹുമാനിക്കുന്ന എന്നും മലയാളത്തെ നെഞ്ചിലേറ്റുന്ന തനിമലയാളികൾക്ക് സമർപ്പിക്കുന്നു…
സി. സോണിയ K ചാക്കോ. DC

Leave a Reply

Your email address will not be published. Required fields are marked *