DIJO KAPPAN | Champion of Consumer Rights | Edamattam Kappil family of Pala | Global TV

Posted on: May 2, 2026

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി കേരള കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ ശ്രദ്ധേയനായ ഡിജോ

രമേശ് ചെന്നിത്തല

ഉപഭോക്താക്കളുടെയും കര്‍ഷകരുടെയും അവകാശ സംരക്ഷണത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച അപൂര്‍വ പൊതുപ്രവര്‍ത്തകനായിരുന്നു ഡിജോ കാപ്പന്‍. പൊതുപ്രവര്‍ത്തനം എന്ന വാക്കിന് അതിൻ്റെ യഥാര്‍ത്ഥ അര്‍ത്ഥം നല്‍കിയ വ്യക്തിത്വം. ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് അധികാരത്തിൻ്റെ ശ്രദ്ധ അതിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം എല്ലായ്പ്പോഴും മുന്നിലുണ്ടായിരുന്നു.

ചുറ്റുമുള്ളവരെ ചേര്‍ത്തുനിര്‍ത്തുന്ന സ്വഭാവവും എല്ലാവരുമായും നിറഞ്ഞ സൗഹൃദവും അദ്ദേഹത്തിൻ്റെ പ്രത്യേകതയായിരുന്നു. എനിക്ക് ഡിജോ ഒരു പൊതുപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല, പതിറ്റാണ്ടുകളായി ഒപ്പമുണ്ടായിരുന്ന സഹോദരസൗഹൃദത്തിൻ്റെ മുഖമായിരുന്നു. മന്ത്രിയായിരുന്നപ്പോഴും എം.പി ആയിരുന്നപ്പോഴും പൊതുരംഗത്തും ജീവിതത്തിലെ പല ഘട്ടങ്ങളിലും ആത്മാര്‍ത്ഥതയും വിശ്വാസവും നിറഞ്ഞ ബന്ധമായിരുന്നു ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി കേരള കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ ശ്രദ്ധേയനായ ഡിജോ, പിന്നീട് അധികാര രാഷ്ട്രീയത്തിൻ്റെ പരിധികള്‍ക്കപ്പുറം ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വഴിയാണ് തെരഞ്ഞെടുത്തത്. സജീവ രാഷ്ട്രീയത്തില്‍നിന്ന് മാറിനിന്നെങ്കിലും പൊതുസമൂഹത്തിൻ്റെ പ്രശ്നങ്ങളില്‍നിന്ന് ഒരിക്കലും അകലെയായിരുന്നില്ല.

സ്വകാര്യ സൗഹൃദത്തിലും പൊതുപ്രവര്‍ത്തനത്തിലും വിശ്വാസ്യതയും ആത്മാര്‍ത്ഥതയും പുലര്‍ത്തിയിരുന്ന ഡിജോയുടെ വേര്‍പാട് വ്യക്തിപരമായും ഏറെ വേദനിപ്പിക്കുന്നതാണ്. അദ്ദേഹത്തിൻ്റെ സേവനങ്ങളും പൊതുസമൂഹത്തിനായി നടത്തിയ പോരാട്ടങ്ങളും എന്നും ഓര്‍മ്മിക്കപ്പെടും. ഊഷ്മളമായ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം.

രോഗതുരനായിരിക്കെ മരണം മുന്നിൽ കണ്ട പി.റ്റി.തോമസ് തൻ്റെ അന്ത്യകർമ്മങ്ങൾ എങ്ങനെ വേണമെന്ന് എഴുതി ഏല്‌പിച്ചിരുന്നത് ഡിജോ കാപ്പനെയായിരുന്നു.

ഡിജോ കാപ്പൻ: നഷ്ടമായത് കേരളത്തിലെ പൊതുരംഗത്തെ സജീവ സാന്നിധ്യത്തെ

പാലാ: ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശ സംരക്ഷണങ്ങൾക്കു വേണ്ടി കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ച് കേരളത്തിലെ പൊതുരംഗത്ത് സജീവ സാന്നിധ്യമായി പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ഡിജോ കാപ്പൻ

2025 ഒക്ടോബർ 16 ന് പുലർച്ചെ തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തെ തുടർന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് നാട്ടിലേക്ക് കൊണ്ടുവന്ന് പാലായിലെ മാർ സ്ലീവാ ആശുപത്രിയിലായിരുന്നു അന്ത്യം.

പാലാ മീനച്ചിൽ പഞ്ചായത്തിൽ പാലാക്കാട് (ഇടമറ്റം) എന്ന ഗ്രാമത്തിൽ കാപ്പിൽ കുടുംബത്തിൽ പരേതനായ കെ.സി.ജോസഫിൻ്റെയും മേരി ജോസഫിൻ്റെയും മൂത്ത പുത്രനായ ഡിജോ കാപ്പൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്.

ഇടമറ്റം കെ.റ്റി.ജെ.എം.സ്‌കൂളിൽ പഠിക്കുമ്പോൾ കേരള കോൺഗ്രസ് വിദ്യാർത്ഥി വിഭാഗമായ കെ.എസ്.സി. യൂണിറ്റ് പ്രസിഡണ്ടായിട്ടാണ് പൊതു പ്രവർത്തനം തുടങ്ങിയത്. സ്‌കൂൾ ലീഡറായും പാലാ സെൻ്റ് തോമസ് കോളേജ് യൂണിയൻ ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു. പാലാ കോളേജിലും, കളമശ്ശേരി രാജഗിരി കോളേജിലും, കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം കാമ്പസിലും നിന്ന് കേരള യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായിരുന്നു.

1982 ൽ കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായി. കേരള യൂണിവേഴ്സിറ്റിയിൽ അക്കാദമിക് കൗൺസിൽ, സെനറ്റ് എന്നിവയിലും മെമ്പറാ യിരുന്നു. എം.ജി.യൂണിവേഴ്‌സിറ്റിയിലും 10 വർഷം സെനറ്റ് മെമ്പറായും പ്രവർത്തിച്ചു.

1983-1985 ൽ കെ.എസ്.സി സംസ്ഥാന പ്രസിഡൻ്റും, 1989-1991 ൽ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ടുമായിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ കളികളിൽ മനം മടുത്ത് പാർലമെൻ്ററി പദവികളിൽ താല്‌പര്യം പ്രകടിപ്പിക്കാതിരുന്ന ഡിജോ കാപ്പൻ 1998 ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. തുടർന്ന് ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശ സംരക്ഷണത്തിനു വേണ്ടിയുളള പ്രവർത്തനങ്ങളിൽ മുഴുകി. സെൻ്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ എന്ന സംഘടനയുടെ മുഖ്യ ചുമതലക്കാരിലൊരാളായിരിക്കെ സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ നൽകിയ പൊതുതാല്‌പര്യ ഹർജികളിലൂടെ രണ്ട് ഡസൻ കേസുകളിലെങ്കിലും പൊതുജനങ്ങൾക്ക് പ്രയോജനകരമായ വിധികൾ നേടിയെടുത്തു.

കെ.എസ്.ആർ.ടി.സി യുടെയും വൈദ്യുതി ബോർഡിൻ്റെയും പ്രവർത്തനങ്ങൾ ജനോപകാരപ്രദമാക്കി മാറ്റുവാൻ നിരന്തരം പൊരുതി. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുമ്പാകെ ഉപഭോക്താക്കളുടെ പ്രതിനിധിയെന്ന നിലയിൽ ഡിജോ കാപ്പനെപ്പോലെ നിരന്തരം ഹാജരായിട്ടുളള മറ്റൊരാളില്ല.

പൊതുഗതാഗത സംരക്ഷണ സമിതി പ്രസിഡണ്ട്, ശബരി റെയിൽവേ സെൻട്രൽ ആക്ഷൻ കൗൺസിൽ പ്രസിഡണ്ട്, ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്സ് ആന്റ് എൻവയൺമെൻ്റ്, പ്രൊട്ടക്ഷൻ ഫോറം പ്രസിഡണ്ട് തുടങ്ങി നിരവധി രാഷ്ട്രീയേതര സംഘടനകളുടെ ചുമതലകൾ വഹിച്ച ഡിജോ കാപ്പൻ വിവിധ കർഷക സംഘടനകളുടെ നേതൃതല ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്നു.

പൊതുവിഷയങ്ങളിൽ ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. കക്ഷിരാഷ്ട്രീയത്തിതീതമായി വിപുലമായ സൗഹൃദബന്ധത്തിനുടമയായ കാപ്പൻ സി.കെ.ജീവൻ സ്‌മാരക ട്രസ്റ്റിൻ്റെ സംഘാടകരിൽ ഒരാളായിരുന്നു.

നിരവധി പ്രമുഖ നേതാക്കളുടെ തിരഞ്ഞെടുപ്പു വിജയത്തിനു പിന്നിൽ ഡിജോ കാപ്പൻ്റെ നിശബ്ദ പ്രവർത്തനങ്ങളും, തന്ത്രങ്ങളും നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. രോഗതുരനായിരിക്കെ മരണം മുന്നിൽ കണ്ട പി.റ്റി.തോമസ് തൻ്റെ അന്ത്യകർമ്മങ്ങൾ എങ്ങനെ വേണമെന്ന് എഴുതി ഏല്‌പിച്ചിരുന്നത് ഡിജോ കാപ്പനെയായിരുന്നു.

മാതാവ് മേരി ജോസഫ് ഇടമറ്റത്തെ തറവാട്ടിൽ അനുജൻ സന്തോഷിനോടൊപ്പം താമസിക്കുന്നു. സഹോദരങ്ങൾ – സന്തോഷ്, ജയിംസ്, ഗ്ലോറി, പുഷ്‌പ, ടെസി, ഭാര്യ: ഡോ. മിനി കാപ്പൻ കേരള യൂണിവേഴ്സ‌ിറ്റിയിൽ പ്ലാനിംഗ് ഡയറക്ടറാണ്. മകൻ അശ്വിൻ ഡി കാപ്പൻ (അയർലൻ്റ്) മരിയറ്റ ഡി കാപ്പൻ (ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണ വിദ്യാർത്ഥി) എഡ്വിൻ ഡി.കാപ്പൻ (യു.കെ) മരുമകൾ – അർഷ (അയർലന്റ്).

കാപ്പൻ ചേട്ടൻ പോയി.. | ഉമ തോമസ്

എന്നുവച്ചാൽ ശരീരത്തിൻ്റെ ഒരു ഭാഗം പോയി എന്നർത്ഥം.

വിദേശത്തുള്ള തൻ്റെ മകൻ്റെ ഭാര്യയെയും താനിതുവരെ കാണാത്ത അവരുടെ കുഞ്ഞിനെയും കൂട്ടാൻ തിരുവനന്തപുരം എയർപോർട്ടിലേക്ക് തിരിച്ചതായിരുന്നു ആ പുലർച്ചെ കാപ്പൻ ചേട്ടൻ.

ചെരിപ്പ് ആക്സിലേറ്ററിൽ കുരുങ്ങിയുണ്ടായ വാഹനാപകടം.
ഒക്ടോബർ മുതൽ ഇന്നേക്ക് ഏഴ് മാസമാണ് ആ മനുഷ്യൻ
തളർന്നു കിടന്നത്.

ജീവിതത്തിലുടനീളം
പി ടിയുടെ തുണയായിരുന്നയാൾ.
തൻ്റെ അവസാന അഭിലാഷങ്ങളും എന്നോട് അല്ലല്ലോ പി ടി പറഞ്ഞത്.
ഡിജോ കാപ്പൻ എന്ന ആത്മ സുഹൃത്തിനോടായിരുന്നല്ലോ.

പി ടീ,
ദേ…. കാപ്പൻ ചേട്ടൻ വരുന്നു..
നിങ്ങൾ ഇനിയും പരസ്പരം തുണയാവുക..

ഡിജോ കാപ്പനെ അനുസ്മരിച്ച് കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട്

‘കാപ്പൻ്റെ പേരിലെ ‘ K’യും , KSRTC ‘ യിലെ ‘K’യും പരസ്പര പൂരകമായിരുന്നു..

ആനവണ്ടിയുമായി ബന്ധപ്പെട്ട ഏതു ചാനൽ ചർച്ചയിലും, ഒരു ആനപാപ്പാനെ പോലെ ചട്ടങ്ങളുടെ തോട്ടിയുമായി നിതാന്ത സാനിധ്യമായിരുന്നു അദ്ദേഹം.

കൺസ്യൂമർ പ്രൊട്ടക്ഷനായിരുന്നു കാപ്പൻ്റെ ഏറെ പ്രിയപ്പെട്ട മറ്റൊരു പ്രവർത്തന മേഖല..

പ്രിയപ്പെട്ട സുഹൃത്തിന് അകാലത്തിൽ ആദരാഞ്‌ജലി നേരേണ്ടി വരുന്നത് അതീവ ദുഃഖകരം.

അഴിമതികൾക്കും അനീതികൾക്കും എതിരെയുള്ള പോരാട്ടത്തിൽ ആയിരുന്നു ഡിജോ കാപ്പൻ

ജോർജ് കള്ളിവയലിൽ | ദീപിക | ന്യൂഡെൽഹി

പൊതുപ്രവർത്തകനും പ്രിയ സുഹൃത്തുമായ ഡിജോ കാപ്പൻ അന്തരിച്ചു. പാലാ സെൻറ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡൻറ് കൂടിയായിരുന്നു.

തിരുവനന്തപുരത്ത് ഉണ്ടായ ഒരു കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. രണ്ട് ആഴ്ചകൾക്ക് മുമ്പ് പാലാ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ ചെന്ന് ഡിജോ കാപ്പനെ നേരിൽ കാണാൻ കഴിഞ്ഞിരുന്നു. മയക്കത്തിൽ ആയിരുന്നതിനാൽ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിൻറെ ആരോഗ്യനില വളരെ മോശമാണെന്ന് കൂടെയുണ്ടായിരുന്ന പ്രഫ. സാബു ഡി. മാത്യു പറഞ്ഞിരുന്നു. കാപ്പൻറെ സഹോദരിയും ദീപികയിൽ എന്റെ മുൻ സഹപ്രവർത്തകനായിരുന്ന മരിയൻ ജോർജിന്റെ ഭാര്യയും അന്ന് ആശുപത്രിയിൽ ഉണ്ടായിരുന്നു.

ഒരു വർഷം മുമ്പ് ഡിജോ ഡൽഹിയിലെത്തി നേരിൽ കണ്ട് ഏറെനേരം സംസാരിച്ചിരുന്നു. അഴിമതികൾക്കും അനീതികൾക്കും എതിരെയുള്ള പോരാട്ടത്തിൽ ആയിരുന്നു അന്നും അദ്ദേഹം.

കേരള കോൺഗ്രസ് രാഷ്ട്രീയത്തിലൂടെ കോളജ്കാലം മുതൽ തിളങ്ങിയ ഡിജോ കാപ്പൻ എക്കാലത്തും സാധാരണക്കാരന് വേണ്ടി പോരാടി. പ്രത്യേകിച്ച് കർഷകർക്ക് വേണ്ടിയും ഗതാഗത മേഖലയിൽ യാത്രക്കാരുടെ അവകാശങ്ങൾക്കു വേണ്ടിയും അദ്ദേഹം ശബ്ദിച്ചു.

ഡിജോ കാപ്പന് പ്രണാമം.
ആദരാഞ്ജലികൾ, പ്രാർത്ഥനകൾ

Leave a Reply

Your email address will not be published. Required fields are marked *